Saturday, December 16, 2006

സുമേഷ് നിഹാരിക

കുന്നിറങ്ങി പാടം വഴി

കുഴല്‍ക്കിണറിനരികെ
പാത്രങ്ങള്‍ തട്ടി
മറിയുന്നതോടെ
കോളനികള്‍ ഉണരും.
പൈപ്പുവെള്ളം കാത്ത് കാത്ത്
മോറാനിട്ടപാത്രങ്ങള്‍
ഉണങ്ങിത്തുടങ്ങുന്നതോടെ
പീട്യേ വക്കത്തെ പഴേ
പഞ്ചായത്ത് കെണറ്റീന്ന്
രണ്ടു പാള വെള്ളം
കോരുമ്പോഴേക്കും
നേരം ഉച്ചയാകും.
സൊറ പറയാനിപ്പോള്‍
പെണ്ണുങ്ങള്‍ക്ക് നേരമേയില്ല
തിരക്കുകളൊക്കെപ്പാടേ
സ്കൂളിലേക്ക് പറഞ്ഞയച്ച്
കുടുംബശ്രീയുടെ ഏതെങ്കിലും
പുത്തന്‍ ഉല്പന്നങ്ങലുമായി
വരമ്പു കടന്നിട്ടുണ്ടാകും അവര്‍.
ഉച്ച തിരിഞ്ഞാല്‍
കോളനിയിലെ തിരക്കുകളൊക്കെപ്പാടേ
മായമ്മമാരുടെ
ദുഃഖവൃത്താന്തങ്ങളിലങ്ങനെയങ്ങനെ.......
നാലു മണിവിട്ട്
കുട്യോളെത്തണേനു മുമ്പ്
കുന്നിറങ്ങി പാടം വഴി
ഇടവഴിയിലെത്തുമ്പോള്‍
ആളും തര്വോം നോക്കി കുശുമ്പു പറയും.
പുതിയ കമ്പോളതന്ത്രങ്ങളെ
പ്രാകി പിരിയുമ്പോഴും
തൂക്കുസഞ്ചിയിലെ
മടക്കു നിവരാത്ത ഉല്പന്നങ്ങള്‍
ഇളകിയാടുന്ന കുണുക്കങ്ങളില്‍
അവരെ കളിയാക്കുന്നതായി തോന്നും.
അങ്ങേലമ്മൂമ്മ ഇങ്ങേലെത്തി
മുറുക്കാന്‍ ചവയ്ക്കുന്നതിനിടയില്‍
കൈതപ്പാടം പോയേനെപ്പററീം
മുളങ്കാട് കട്ടട്ടേനെപ്പററീം
കൊട്ടേം മൊറോം വിറ്റ് കുട്ട്യോളെ പോറ്റ്യേ
ആതുരത്വങ്ങള്‍ അയവിറക്കും.
ഇപ്പോള്‍ തിരക്കുകളൊക്കെപ്പാടേ
കുഴല്‍ക്കിണറിനരികെ
വെള്ളം പിടിക്കാനുള്ള വെപ്രാളത്തിലാകും.
അമ്മായ്യമ്മമാര്
മര്വോള് പെറ്റ
ഒക്കെയ് ലും എളേ മക്കളെ
താലോലൂം പൂലോലൂം പാടിയൊറക്കും.
തിടുക്കം കൂട്ടീട്ടും
നിരങ്ങിനീങ്ങുന്ന ജീവിതം
അവരങ്ങനെ മോന്തിയാക്കും.

2 Comments:

At 5:50 AM, Blogger Navan said...

ചില ഓര്‍മ്മപ്പെടുത്തലുകള്‍! നന്നായി...

 
At 6:46 AM, Blogger വിഷ്ണു പ്രസാദ് said...

കഷ്ടം...!ഞാനീ ബ്ലോഗ് ഇതുവരെ കണ്ടില്ലല്ലോ...വട്ടംകുളത്തുകാരേ,ഞാനിതാ ഈ ആനക്കരേന്നാണേ...പി.പി ആര്‍ ആവും ഇതിനുപിന്നിലെ പ്രചോദനമെന്ന് കരുതട്ടെ . നല്ല സംരംഭം..ഈ കവിത നന്നായിട്ടുണ്ട്.സുമേഷിന് അഭിനന്ദനങ്ങള്‍ ...

 

Post a Comment

<< Home