നന്ദന്
കവിക്കൂട്ടം
പഴയ സംഘമാണു ഞങ്ങളുടേത്. പി.വി.നാരായണന്, ടി.വി.ശൂലപാണി, പി.പി.രാമചന്ദ്രന്, പി.സുരേന്ദ്രന്.....ഞാനും. കവിക്കൂട്ടം എന്നൊരു പേര് പില്ക്കാലത്തുണ്ടായി. ഓരോരുത്തരും അതിനുമുന്പേ എഴുത്തു തുടങ്ങിയവരായിരുന്നു. പക്ഷേ കാണാനും കൊള്ളാനും തുടങ്ങിയത് 77-78കാലത്താണ്. ശൂലപാണി ലേശം മൂത്തത്. വായനയിലും. ബാക്കി ഒരേ പ്രായം. ഏകദേശം 61 മോഡല്‍. എല്ലാവര്ക്കും കുറച്ച് കഥയും കവിതയുമുണ്ട്. എപ്പഴും കാണും. എന്തെങ്കിലുമൊക്കെ പറയും. എഴുത്തുതന്നെ വിഷയം.വായിച്ചതും. ഒരു നാടകം സംയുക്തമായി എഴുതാന്തീരുമാനമുണ്ടായി. പഞ്ഞാവൂര്‍ മനയില്‍ ചായയും പരിപ്പുവടയും. നാടകം തുടങ്ങിവെച്ചു. പിന്നെണ്ടായില്യ. ഒരിക്കല്‍ ഒരു വിഷയത്തെക്കുറിച്ച് കഥയോ കവിതയോ എഴുതുക എന്നു ധാരണയായി. വിഷയം പ്രിയപ്പെട്ടവളുടെ മരണം. മറ്റുള്ളവരുടെ കയ്യിലുണ്ടോ ആവോ. 17/10/79ന് ഞാനെഴുതിയ കഥ ഇങ്ങനെ.-
പ്രിയപ്പെട്ടവളുടെ മരണം
എന്റെ എല്ലാമായി ഞാനുമായി അടുത്തവള്‍. ഏറെ പ്രിയപ്പെട്ടവള്‍. എന്റെ സ്വപ്നത്തിലും ജീവന്റെ ഓരോ കണികയിലും തുടിപ്പുകൊട്ടിപ്പാടിയവള്. എന്റെയൊപ്പമേ മരിക്കൂ എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ.. അതേ, ഞാനറിയുന്നു അവളെന്നെ വേര്പിരിഞ്ഞിരിയ്ക്കുന്നുവെന്ന്. ചിന്തയ്ക്കതസാദ്ധ്യമായിട്ടും അവള് പിരിഞ്ഞുപോയി എന്ന സത്യം എന്നെ തുറിച്ചുനോക്കുന്നു.
ദുഃഖത്തില്‍നിന്നൊരു തുള്ളി മോചനത്തിന്, ആകാവുന്നതിലേറെ ശ്രമിച്ചിട്ടും ദുഃഖം ശിഷ്ടമായി. സത്യം ബോദ്ധ്യമായി. ഒരു നടുക്കം എന്നില്‍ പതിച്ചു. എന്നിലവള്‍ മരിച്ചിരിയ്കുന്നു. ഇതപൂര്‍വമാണെന്നു എനിയ്ക്കു തോന്നി. സ്മൃതിയില്‍ അവളുടെ നിഴലുണ്ടായിരുന്നു. അവളെന്നെ കാക്കക്കണ്ണുകൊണ്ടോ കടക്കണ്ണുകൊണ്ടോ ഒന്നുനോക്കിച്ചിരിച്ചില്ലായിരുന്നുവെങ്കില് ഞാനറിയുമായിരുന്നില്ല, എന്നെപ്പോലും.
പുനര്ജന്മത്തില് വിശ്വാസമില്ലെങ്കിലും അതില്‍ വിശ്വസിയ്ക്കുന്നപോലെ സങ്കല്പിച്ചു.’പ്രിയകാമിനീ,വരൂ.’
അവളുടെ സ്പര്ശനത്തിന്,സാമീപ്യത്തിന് ശ്രമിയ്ക്കവേ എന്റെ കണ്ണുകളില്‍ പോത്തു ഭീകരമായി അമറി. പോത്തിന് പുറത്തെ അവ്യക്തമായ രൂപം എന്റെ പ്രിയപ്പെട്ടവളെ വരിഞ്ഞ് പോത്തിനെ ഓടിച്ചുപോകുന്നു. വരിഞ്ഞ കയറ് എനിയ്ക്കു നന്നായി കാണാം. അതെന്നെ മുറുക്കുന്നുണ്ട്. ഓടിയകന്ന പോത്തിന് കാല്‍പ്പാടുകളും.
അവളെ, അവളെ കാണവയ്യ.
മുന്നിലെ താളില്‍ പേനകൊണ്ടു കോറി : ‘പത്രാധിപരേ ക്ഷമിയ്ക്കൂ. എനിയ്ക്കെന്റെ സര്‍ഗശക്തി നഷ്ടപ്പെട്ടിരിയ്ക്കുന്നു. കവിതാകാമിനി എന്നില്‍ മരിച്ചുപോയിരിയ്ക്കുന്നു.’


1 Comments:
really a good starting especially from a village reading room
Post a Comment
<< Home