രമ്യ.കെ.കെ
ഗാന്ധാരി
ഹസ്തിനപുരം. എങ്ങും അന്ധകാരം. മാംസത്തിന്റെയും ചോരയുടേയും ഗന്ധം. നായ്ക്കള്‍ ഓരിയിടുന്നു. ഏതോ യോദ്ധാവിന്റെ ശവം കുറുക്കന്മാര് കടിച്ചു കീറുന്നു. കഴുകന്മാര് വട്ടമിട്ടു പറക്കുന്നു.
ഈശ്വരാ....
ഗാന്ധാരി തളര്‍ന്നിരുന്നു.
ഒന്നുറക്കെ കരയാന്‍ പോലും കഴിയുന്നില്ല. യുദ്ധം എല്ലാം നശിപ്പിച്ചു. ‘ധര്‍മ്മം ജയിക്കട്ടെ’ തന്റെ വാക്കുകള്‍ ജലരേഖയായി. എവിടെ ധര്‍മ്മം ജയിച്ചൂ? ചതിയിലൂടെ വീരയോദ്ധാക്കളെല്ലാം വീണു. ഭീഷ്മര്‍, ദ്രോണര്. കര്ണന് അങ്ങനെ എത്രയെത്ര.....
ഈശ്വരാ എന്തിന് ഞങ്ങളെ മാത്രം ബാക്കിവെച്ചൂ?
യുദ്ധം എന്തിനായിരുന്നു?
അധികാരമോഹം. മറ്റൊന്നുമായിരുന്നില്ല. അധികാരം കയ്യടക്കാനുള്ള വടംവലിയില്‍ എല്ലാം നശിച്ചു. സഹോദരങ്ങള്‍ പരസ്പരം വാളോങ്ങി. പാണ്ഡവര്‍ എന്തു നേടീ. ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ ഉഴറുന്നു. സൂത്രധാരനായ കൃഷ്ണന് മൌനത്തിലാണ്. എന്ത് നേടീ. ആരും ഒന്നും നേടിയില്ല. നഷ്ടങ്ങള്‍ മാത്രം. നൂറു മക്കളെ നൊന്തു പെറ്റു. ഇനിയാരുണ്ട്. എത്ര ഓമനിച്ചാണ് വളര്‍ത്തിയത്. കണ്മുന്നില് അവര്‍ എരിഞ്ഞടങ്ങി. എന്നിട്ടും ഒന്നും ഉരിയാടാനായില്ല. ലോകം സര്‍വം സഹയായി അവരോധിക്കുന്നു. അല്ല , ആ പദവിഅടിച്ചേല്പ്പിക്കുന്നു. ആശീര്വാദത്തിനായ് സുയോധനന് അരികില്‍ വന്നപ്പോള്‍, ധര്‍മ്മം ജയിക്കട്ടെ എന്നു മാത്രം പറഞ്ഞ് അവനെ അയച്ചു. അവന്റെ കണ്ണുകളിലെ അപേക്ഷാഭാവം കണ്ടിട്ടും അതു ഭാവിക്കാതെ അവനെ മടക്കി അയച്ചു.
അന്ന് രാജഗുരുക്കള്‍ നിറഞ്ഞ സദസ്സ്. ദ്രൌപദിയുടെ രോദനം തന്റെ സ്ത്രീത്വത്തെ വെല്ലുവിളിച്ചപ്പോള്‍ പ്രതികരിച്ചു. ശക്തമായി പ്രതികരിച്ചു. അധര്‍മ്മത്തിനെതിരെ പൊട്ടിത്തെറിച്ചു. എന്നിട്ടുമെന്തേ തനിക്ക് ഈ വിധി വന്നത്!
കൌരവര്‍ ധര്മ്മിഷ്ഠരല്ല. എങ്കിലും എന്റെ മക്കളല്ലേ? ഞാന്‍ നൊന്തു പെറ്റതല്ലെ? ഈ അമ്മക്ക് ഒരാളെയെങ്കിലും....... ഇത്ര ശപിക്കപ്പെട്ടതാണോ എന്റെ ഗര്‍ഭപാത്രം?
വയ്യ..ദുഃഖം സഹിക്കാനാകുന്നില്ല. എനിക്കൊന്നുറക്കെ കരയണം. ഒരു നിമിഷമെങ്കിലും ഒരു സാധാരണ അമ്മയാകണം. മക്കള്‍ക്കുവേണ്ടി. അവരുടെ അമ്മേ എന്ന വിളിക്കു വേണ്ടി, ഹൃദയം തുടിക്കുന്ന അമ്മ. ഈലോകത്തെ ശപിച്ച് ഭസ്മമാക്കുന്ന ഒരമ്മ.
മനസ്സേ അടങ്ങൂ....
വിധിയാണെന്നു സമാധാനിക്കൂ...
ദുഃഖം കടിച്ചമര്ത്തൂ.....
അമ്മ ശപിച്ചാല്‍ ലോകം എരിഞ്ഞടങ്ങും......
വേണ്ട അതു വേണ്ട
‘അമ്മേ’ ആരോ വിളിക്കുന്നു.
ഗാന്ധാരി ഉണര്‍ന്നു. ആരാണത്? വ്യക്തമാകുന്നില്ല. സുയോധനനാണോ
അല്ല എന്റെ മകനാണ്. തീര്‍ച്ചയാണ്.
അമ്മേ, ഇതു ഞാനാണ്, ധര്മ്മപുത്രന്.ഗാന്ധാരി സംശയിച്ചു. അതേ. എന്റെ മകന്. മകനേ.......


1 Comments:
എഴുത്ത് നന്നായി രമ്യേ, എന്നാലും ഗാന്ധാരി കൌരവരെ നൊന്തുപെറ്റെന്ന് രണ്ടിടത്ത് എഴുതിയിട്ടുണ്ട്, ഗര്‍ഭപാത്രം ശപിക്കപ്പെട്ടതാണോ എന്നൊരു ചോദ്യവും. അതു തെറ്റല്ലേ?
എഴുത്ത് തുടരുക. സ്നേഹപൂര്‍വ്വം,
സജി.
Post a Comment
<< Home