Wednesday, August 16, 2006

പി ജയന്തന്‍ നമ്പൂതിരിയുടെ കവിതകള്‍


(1923 മാര്‍ച്ച് 5ന് വട്ടംകുളം പഞ്ചായത്തിലെ നെല്ലേക്കാട് പഞ്ഞാവൂര്‍ മനയില്‍ ജനിച്ചു. 25 വര്‍ഷത്തോളം സ്കൂള്‍ അദ്ധ്യാപകനായിരുന്നു. 1974 ഏപ്രില്‍ 24ന് അന്തരിച്ചു.
കൃതികള്‍ :
‘സ്വര്‍ണ്ണരേഖകള്‍’ (കവിതാസമാഹാരം), ‘നാരായണീയം’ (പരിഭാഷ).1 മോചനം
(ജീവതം മുഴുവന്‍ ദേവനായും പിശാചായും മാത്രം ജീവിച്ച ഒരു മനുഷ്യന്‍. അന്ധലോകങ്ങളില്‍ക്കൂടി തപ്പിത്തടഞ്ഞു നടക്കുന്ന ശരീരം. ആകാശങ്ങളെ ഭേദിച്ചു ചിറകുവിടര്‍ത്തി ഉയരുന്ന ആത്മാവ്. ഈ ദ്വന്ദങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍ ഒരേസമയം മൃത്യവിന്റേയും ഈശ്വരന്റേയും ഉപാസകനായതില്‍ അത്ഭുതമെന്ത്? ഒരു കാര്യം കൂടി. 1946 ല്‍ എഴുതപ്പെട്ട മോചനം എന്ന കവിത മുതല്‍ അവസാനമെഴുതിയ പേരിടാത്ത ഒറ്റക്കവിതവരെ മിക്കവാറും എല്ലാ കവിതകളിലും ജീവിതത്തിനും മരണത്തിനും ഇടയില്‍ കിടന്നു പിടയുന്ന ഒരാത്മാവിന്റെ തേങ്ങലുകള്‍ കേള്‍ക്കാം.)


പാമരന്‍ ഞാനെന്നാലും
പാവനാത്മാവേ! വിശ്വ-
പ്രേമമെന്നെയുമിന്നോ
നാളെയോ ലാളിയ്ക്കുമോ?

ജീവിതം ശോകാകുലം
പാപപങ്കിലം തുച്ഛം
കേവലം തമസ്സതി-
ന്നപ്പുറം മൃതിശേഷം

ഈ വിചാരത്താല്‍ ഭാനു-
ബിംബവും കരിക്കട്ട-
യാവുകയാണെന്‍ മുന്നില്‍
നിസ്തേജനാവുന്നൂ ഞാന്‍.

മോചനം-പ്രാപഞ്ചിക-
ബന്ധത്തില്‍നിന്നെന്നേയ്ക്കും
മോചനം-ലഭിയ്ക്കുവാന്‍
മാര്‍ഗ്ഗമെന്തതുമാത്രം

ആരാഞ്ഞു തപ്പിത്തട-
ഞ്ഞന്ധലോകത്തില്‍ക്കൂടെ-
യാരാവമെന്യേ പോക-
യാണുഞാന്‍ വിശ്വാത്മാവേ!

അവിടുന്നഹസ്കര-
രശ്മിയായ്, പയോദമായ്
ഭുവനം നിറയ്ക്കുന്ന
വായുവായ്, കല്ലായ്, മണ്ണായ്

പ്രകൃതിശ്രേയസ്സിന്നായ്
ബദ്ധനായീടുമ്പൊഴീ
വികൃതിക്കുടുക്കയ്ക്കു
മോചനം വേണംപോലും!


2 മുള്‍ക്കിരീടം
(ഈ കവിയുടെ മാനിഫെസ്റ്റോ എന്ത് എന്നു കാണിക്കുന്ന രചന. മാത്രമല്ല, കവിയെ സംബന്ധിച്ചിടത്തോളം ഈ കവിത അദ്ദേഹത്തിനു വളരെ പ്രിയപ്പെട്ടതായിരുന്നു.)


പൊന്നിന്‍സിംഹാസനത്തിന്‍ പൊടിപുടവയെടു-
ത്തസ്സലായിത്തുടച്ചി-
ട്ടെന്നേ നന്നായിരുത്തുന്നതിനു തുനിയുവോര്‍-
ക്കെന്റെ നിത്യാഭിവാദ്യം,
എന്നാലും ഞാന്‍ വരുന്നില്ലവിടെ, ജനതതന്‍
പാദചര്യയ്ക്കു വെമ്പീ-
ടുന്നോര്‍ക്കായ് കാത്തിരിപ്പുണ്ടൊരു സുഖരഹിതം
ജീവിതം മുള്‍ക്കിരീടം.

ചൂടും ഞാന്‍, നാളെ ജന്മാന്തരസുകൃതവശാ-
ലിക്കിരീടം ഭവാനും
ചൂടാം, ജന്മാവകാശം സഹജ! മനുജ! ഹേ
യൌവരാജ്യം ത്യജിക്കാം
ഊടും പാവും രചിക്കാം പുതുപുതു വിജയ-
ങ്ങള്‍ക്കു, സാമ്രാജ്യമോഹം
കൂടുന്നാകില്‍ പറിച്ചാക്കടലിലെറിയുവാന്‍
നീ മടിയ്ക്കൊല്ല രാജന്‍!

തേനും പാലും മുറയ്ക്കെന്‍ ധരയിലൊഴുകുമാ-
റാകണം നീതിബോധം
വാനോരേക്കാള്‍ വളര്‍ന്നീടണമിവിടെ ജന-
ങ്ങള്‍ക്കു നല്‍ശീലമായി
നാനാശാസ്ത്രങ്ങള്‍ മേന്മല്‍ കലകള്‍ പരമമാം
സത്യമെന്തെന്നു കാണാ-
നൂനംവിട്ടുള്ളൊരന്വേഷണമിവയെയുപാ-
സിക്കുമെന്‍ ഭൂപഭാവം.

പാട്ടും കൂത്തും മുറയ്ക്കെന്നരമനയിലിട-
യ്ക്കൊക്കെയുണ്ടായിടട്ടേ,
വേട്ടയ്ക്കും പോകുവന്‍ ഞാന്‍, കൊടിയ പടനിലം
പൂകുവന്‍ നിഷ്പ്രയാസം
മട്ടോലുംവാണിതൊട്ടുള്ളൊരു മണിമുഴുവന്‍
ഞാന്‍ വരിപ്പന്‍, ശിരസ്സില്‍
തൊട്ടാല്‍ പ്രാണന്‍ പിടയ്ക്കും തുടുനിണമുടനെ-
ച്ചോര്‍ക്കുമെന്‍ മുള്‍ക്കിരീടം.

എല്ലാരും തുല്യരാണെന്നിളയിലടിപണി-
ഞ്ഞീടുവാന്‍ മര്‍ത്ത്യനായി-
ട്ടില്ലാരും ഭൂപനെന്യേ പരനു; പരമമാം
സൌഹൃദം തിങ്ങുമെങ്ങും.
കല്യാണം ചേര്‍ക്കുവാനീ നിലയിലുരുതരം
സേവനം ചെയ്യുവാനാ-
യല്ലോ ഞാന്‍ നിദ്രയറ്റെന്‍ തലയില്‍ മലരുപോല്‍
ചൂടിയീ ലാടപാദം.

കണ്ണീരും കൈയുമായിക്കഴിയുമവശനെ-
ത്താങ്ങുവാന്‍ കാട്ടുവന്‍ ഞാന്‍
കയ്യൂക്കും മെയ്മിടുക്കും കദനമപരനില്‍-
ച്ചേര്‍ക്കുവാനല്ല തെല്ലും
പുല്ലാണന്യാപഹാസം, കലഹ,മമലമാം
മാനസം നല്കിടുന്നോ-
രുല്ലാസം ജീവചൈതന്യമതിനു വഹി-
ക്കുന്നു ഞാനിക്കിരീടം.

സമ്രാട്ടെന്‍ പൂര്‍വ്വജന്മാര്‍ക്കിവിടെയനുവദി-
ച്ചില്ല ലോകം ചിരത്വം
സാമ്രാജ്യത്വം മരിച്ചു ജനതതികളതിന്‍
ശേഷകര്‍മ്മങ്ങള്‍ ചെയ്തൂ
നിര്‍മ്മര്യാദം പഴഞ്ചന്‍ പെരുമകള്‍ പറവാന്‍
ഞാന്‍ വരുന്നില്ല; നിങ്ങള്‍-
ക്കിമ്മന്നന്‍ ദാസനല്ലോ പദമലര്‍ പണിവാന്‍
ഭക്തനായ് വന്ന ദാസന്‍.

സ്നേഹം താന്‍ മുള്‍ക്കിരീടം, സഹനസമരമെന്‍
മുള്ളു പാദം നിതാന്തം
ദേഹം ചേതസ്സു നീറ്റുന്നൊരു കദനഭരം
ഭീകരം ബാണശയ്യ
ദാഹിച്ചും ഞാന്‍ വിശന്നും കഴിയുമിവയിലീ-
ലോകശാന്തിക്കുവേണ്ടി-
ജ്ജീവിക്കും ദാസനായിച്ചെറിയ പുഴുവിനും
കൂടിയിച്ചക്രവര്‍ത്തി.

കീര്‍ത്തിക്കേണ്ടെന്റെ നാമം, കഥകളെഴുതിവെ-
ച്ചീടൊലാ നിങ്ങളാരും
മാര്‍ത്തട്ടില്‍ത്താന്‍ പ്രവേശിപ്പതിനു തവകവാ-
ടങ്ങള്‍ തള്ളിത്തുറക്കും
ധൂര്‍ത്തന്‍ ഞാന്‍ വെണ്ണ കട്ടീടിന കപടകിശോ-
രന്റെ മട്ടില്‍ തപസ്സാല്‍
തീര്‍ത്തീടും നിങ്ങളില്‍ത്താനൊരു പുതിയ മനോ-
രാജ്യസാമ്രാജ്യഗേഹം.

രാജത്വം സ്വപ്നമോര്‍ത്താല്‍; പിറവി മരണവും
രണ്ടിടങ്ങള്‍ക്കിടയ്ക്കായ്
ജീവിക്കുന്നൂ മനുഷ്യന്‍ നിരവധി സുഖദുഃ-
ഖങ്ങള്‍ തിന്നും മറന്നും
സ്നേഹിച്ചാല്‍ നേട്ടമാണീ മഹിയില്‍, മഹിതമാം
ജീവിതം; സര്‍വ്വരാലും
സ്നേഹിക്കപ്പെട്ടു വാഴ് വന്‍ സകലമൊടുവില്‍ ഞാന്‍
വിട്ടു ചൈതന്യഭാവന്‍.

3 ഗര്‍വ്വഭംഗം
(ജീവിതത്തെ-ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന മനുഷ്യന്റെ
ഭൌതികജീവിതത്തെയല്ല, കവിയുടെ കാവ്യജീവിതത്തെ-സമഗ്രമായി
പ്രതിപാദിക്കാനുള്ള ശ്രമമാണ് ഈ കവിത)

മുപ്പത്തുമുക്കോടി ദേവകള്‍ വാഴുന്ന
സ്വര്‍ഗ്ഗത്തില്‍നിന്നു കിഴുപ്പോട്ടു നോക്കി ഞാന്‍
കണ്ടതോ കഷ്ടം! ചരാചരം സര്‍വ്വവും
കുണ്ടില്‍ക്കിടക്കും നരകങ്ങള്‍ മാത്രമാം
എല്ലാം കിനാവുകളിസ്വപ്നലോകത്തി-
ലല്ലോ ജനിച്ചുജീവിച്ചു മരിപ്പു നാം
ആശതന്‍ പൂങ്കാവനത്തില്‍ ചവിട്ടി ഞാന്‍
ആദര്‍ശമെന്നുള്ളൊരൂന്നുവടിയുമായ്
നല്ലൊരു ഗന്ധം പരക്കയാല്‍ കല്യാണ-
സൌഗന്ധികത്തെ തിരഞ്ഞു നടന്നു ഞാന്‍
എന്‍ ഗര്‍വ്വഭംഗം നടക്കുകയാണെന്ന-
തെന്താകിലും ഞാനറിഞ്ഞില്ലൊരല്പവും
പ്രേമമേ നീയെന്‍ തലയില്‍ക്കയറ്റിയ
ഭീമമായുള്ള ചുമടൊന്നിറക്കുവാന്‍
ജന്മശതത്തിന്നുമാകായ്കയാല്‍ മര്‍ത്യ-
ജന്മത്തിനുള്ള വിലകൊടുക്കുന്നു ഞാന്‍
നിന്നുദയത്തെ പ്രഭാകര, കാത്തുഞാ-
നിന്നുറങ്ങട്ടെ പ്രതീക്ഷാഭിയുക്തനായ്


ഓരോ മലരിലും ഗന്ധം നിറപ്പവന്‍
ഓരോ തളിരിനും മാര്‍ദ്ദവം നല്‍കുവോന്‍
പാരിന്നു സൌന്ദര്യവായ്പു നല്‍കുന്നവന്‍
ആരെന്നറിവാന്‍ കൊതിക്കുകയാണു ഞാന്‍
പാനപാത്രം ഞാനുടയ്ക്കില്ല, കെല്‍പ്പറ്റ
മാനവനെങ്കിലും മാനവനല്ലി ഞാന്‍?
ഏറെത്തളര്‍ന്നു ഞാനെങ്കിലും മുന്നോട്ടു
ധീരം നടന്നതിന്‍ കാലടിപ്പാടുകള്‍
മായാത്ത മുദ്ര പതിച്ചതല്ലീ വാനില്‍
മാരിവില്ലായതും മല്‍പ്രേമമായതും
പച്ചിലക്കാടുകള്‍ക്കുള്ളിലൂടെ നോക്കും
അസ്തപ്രഭനാം കതിരവനിന്നലെ
എന്നോടു ചൊന്ന രഹസ്യോക്തിയെന്തെന്ന്
ധന്യമാം ലോകമേ ചോദിച്ചിടേണ്ട നീ.
എന്നെച്ചലിപ്പിക്കുമെന്തൊന്നിനും അധ-
മര്‍ണ്ണനാണെങ്കിലും ഞാന്‍ കടം വീട്ടുവന്‍
ജീവിതം നേടുവന്‍, മൃത്യുഭയത്തിന്റെ
മൂടുപടങ്ങള്‍ പറിച്ചിതാ ചീന്തുവന്‍
നൂലിഴപ്പാലത്തിലൂടെ നടന്നു ഞാന്‍
മാലിന്യമെല്ലാം തുടച്ചുനീക്കും ദൃഢം
വീരവാദങ്ങള്‍ക്കു മാപ്പു നല്‍കില്ലയോ
വീമ്പുകള്‍ ചൊന്നതും നിങ്ങള്‍ പൊറുക്കണേ
ജീവന്‍ തുടിയ്ക്കയാല്‍ കോരിത്തരിപ്പു ഞാന്‍
ഭാവങ്ങള്‍ മാറുന്നു ഭാഗ്യത്തികവിനാല്‍


സ്വര്‍ണ്ണനാണ്യങ്ങള്‍ നിറച്ചൊരു ചെപ്പില്‍ നി-
ന്നിന്നുമെടുക്കുന്നു നാലഞ്ചു നാണയം
എന്തിന്‍ വിലയായ് കൊടുക്കണം ഞാനിവ-
യെന്നതജ്ഞാതം, കളിയല്ല മോഷണം
എന്നുയിര്‍ ചെപ്പില്‍നിന്നെങ്കിലും മോഷണം
തന്നെയാണിപ്പണിയെന്നറിയുന്നു ഞാന്‍
ബന്ധിതനായി ഞാന്‍ വില്പനക്കാരുടെ
ചന്തയില്‍ച്ചെന്നിവ കാണിച്ചുപോകയാല്‍
എങ്ങുനിന്നെങ്ങുനിന്നെന്ന ചോദ്യങ്ങള്‍ക്കി-
തെന്നില്‍നിന്നെന്നില്‍നിന്നെന്നു വചിക്കവേ
എന്നെപ്പിടിക്കുന്നു, കെട്ടുന്നു മാനുഷ-
മ്മന്യരാം ക്രൂര പിശാചിന്റെ കൂട്ടുകാര്‍
പല്ലിളിക്കുന്നു പരുങ്ങിനില്‍ക്കുന്നൊരെ-
ന്നെല്ലു മുഴുവന്‍ തകര്‍ക്കുന്നു ഭീകരര്‍
ചെപ്പു തുറക്കാനറിയാത്തവരുടെ
ജല്പനം, പീഡനം, ഭീകരാക്രോശനം
എന്നനുരാഗാനുഭൂതിതന്‍ താക്കോലു
നിങ്ങള്‍ക്കു നല്‍കാം തുറക്കുവിന്‍ കൂട്ടരേ


ഇന്നൊളിയമ്പുകളേറ്റവനെങ്കിലും
ധന്യനായ് തീരുന്നു രംഗത്തുവച്ചു ഞാന്‍
നിന്നൊളിക്കണ്‍മുനത്തെല്ലിനാല്‍ ജീവിത-
സുന്ദരീ കാമുകീ, ഞാനുയിര്‍ക്കൊള്‍കയാം
മണ്‍കുടം തല്ലിയുടയ്ക്കായ്കിലാരുമെന്‍
സംഗീതമേളാനുഭൂതി ഞാന്‍ നല്കിടാം
നീ വസ്തു, നിന്‍ നിഴല്‍ ഭീകരമാം മൃതി
ജീവിത കാമുകീ, നിന്നഴകിന്‍ രതി
നിസ്തുലാനന്ദാനുഭൂതി നിരാശതന്‍
ഗര്‍ത്തത്തില്‍നിന്നെഴും ഭീതി നിന്‍ വൈകൃതം


അങ്ങകലത്തതാ കേള്‍ക്കുന്ന ജീവിത-
സംഗീതമാധുരി, കോരിത്തരിപ്പു ഞാന്‍
എന്നെപ്പുണരാനണയുന്ന കൈകളി-
ലെന്തിന്നു ഞാനിന്നമരാതിരിക്കണം?
വിശ്വരംഗത്തിന്നണിയറയില്‍വെച്ചു
വിശ്വാസപൂര്‍വ്വം ചിലങ്ക ചാര്‍ത്തുന്നു ഞാന്‍
പോവിന്‍ കരിനിഴല്‍ക്കൂട്ടമേ, നിങ്ങള്‍ക്കു
ഭാവുകം നേരുകയില്ല ഞാനല്പവും
എന്നെ ചതിയില്‍പ്പെടുത്തുവാന്‍ വന്നവര്‍-
ക്കെന്താകിലും ഞാന്‍ പിടികൊടുക്കില്ലിനി
എന്തൊരാനന്ദം തിരശ്ശീല നീങ്ങവേ
രംഗഭൂവിങ്കല്‍ വെളിച്ചം പരക്കവേ
നൃത്തം തുടങ്ങീ കരാളയാം ചണ്ഡിതന്‍
നിസ്തുലകേളി, യുഗങ്ങള്‍തന്നുള്‍ച്ചിരി
മൃത്യുഞ്ജയനില്‍നിന്നാര്‍ജ്ജിച്ച നല്‍ച്ചിരി
സത്യവാങ്മൂലം കവിയുടെ പുഞ്ചിരി
ഈ വെളിച്ചത്തില്‍ച്ചിരിക്കുന്നിതേവരും
ജീവിതസ്പന്ദനം, നൂതനസ്പന്ദനം
താളക്രമത്തില്‍ ചവിട്ടുന്നു ഞാന്‍ ഭദ്ര-
കാളീ, വിയര്‍പ്പിന്റെ ഗന്ധത്തിലല്പവും
മദ്യച്ചുവയില്ല, മാംസച്ചുവയില്ല
മദ്രസം ശാന്തി, ശ്മശാനകേളീരസം


ശംഖനാദങ്ങള്‍, കടുംതുടി, ഭീകര
രംഗക്കൊഴുപ്പില്‍ച്ചവിട്ടും ചവിട്ടുകള്‍
ബ്രഹ്മപ്രളയലയം ചമയ്ക്കുന്നല്ലി
ജന്മം സഫലമാക്കീടുവാന്‍ ഞാനിനി
പാപക്കറകളെ നക്കിയെടുക്കുന്ന
നാവു നീളുന്നൂ ഭയങ്കരം താണ്ഡവം
നിങ്ങളിലൊക്കെ പ്രവേശിപ്പുഞാന്‍ നൂറു-
ഭംഗികളായി, പ്രപഞ്ചസൌന്ദര്യമായ്


എന്നുദരത്തിലൊതുങ്ങുകില്ലേ വിശ്വ
സൌന്ദര്യമേ നീ, മെരുക്കുന്നു നിന്നെ ഞാന്‍
ആഴികളൊക്കെ ഞാനാചമിക്കുന്നു മ-
ജ്ജീവനാളത്തിന്നൊരാര്‍ദ്രത നല്കുവാന്‍
കൂറ്റന്‍ മലകളേ, നിങ്ങളുയര്‍ത്തുന്ന
കോണിപ്പടി ഞാന്‍ ചവിട്ടുന്നു നിര്‍ഭയം
ആദിത്യചന്ദ്രരേ, നിങ്ങളെന്‍ സാക്ഷികള്‍
ജീവിതക്കയ്പുകള്‍ തിന്നതിന്‍ സാക്ഷികള്‍
വൃക്ഷലതകളേ നിങ്ങളെന്‍ തോഴികള്‍
നക്ഷത്രവൃന്ദമേ നിങ്ങളെന്‍ കൂട്ടുകാര്‍
പൊന്നണിഞ്ഞെത്തുന്ന പൂമ്പുലരിത്തയ്യല്‍
എന്നുടെ മറ്റൊരു കാമുകിയല്ലയോ?
നിത്യാഭിവാദനം സത്യപ്രപഞ്ചമേ
മിഥ്യകളൊക്കെപ്പുറത്തു കടക്കണം
ഇത്താണ്ഡവത്തിന്റെ ലക്ഷ്യം സുനിശ്ചിതം
സത്യാവലോകനം, സൌന്ദര്യദര്‍ശനം
എന്നെ ക്ഷണിച്ചതാ,രെന്തിനെ,ന്നാകിലും
പുണ്യപുമാനേ, ജയിച്ചു ഭവാന്‍ ദൃഢം
കാത്തുനില്ക്കുന്നില്ല ഞാനാരെയും സ്നേഹ-
നീര്‍ത്തുള്ളികള്‍ക്കേറെ ദാഹമുണ്ടെങ്കിലും.


4 സ്വര്‍ണ്ണരേഖകള്‍

(കളംപാട്ടിന്റെ സങ്കേതമുപയോഗിച്ച് എഴുതിയ ഒരു കവിത. ഈ കവിത
വായിച്ചുകേട്ടപ്പോള്‍ നമ്മുടെ ഒരു നിരൂപകന്‍ പറഞ്ഞു: ഇതെനിക്കിഷ്ടപ്പെട്ടു.
ഇതില്‍ ശാന്തിയുണ്ട്" വിരഹാര്‍ത്തയും വികലാംഗയും വിഗതസൌഭഗയുമായ
മൃത്യവിന്റെ ഭദ്രകാളിയേയാണ്അശാന്തനായ കവി തന്റെ ഉള്‍ക്കളത്തിലേയ്ക്ക്
വിളിച്ചതെന്ന് നിരൂപകനുണ്ടോ അറിഞ്ഞു)


മണ്ണിന്റെ മടിത്തട്ടില്‍
മധുരമായ് ചിരിതൂകി
വിണ്ണിന്റെ കുതുകങ്ങള്‍
മദമേകും വികാരങ്ങള്‍

എണ്ണമറ്റുണരുമ്പോള്‍
എങ്ങുനീ സദാനന്ദേ
എന്നില്‍നിന്നകന്നേവം
ഏകാന്തേ നിവസിപ്പൂ

സ്വര്‍ണ്ണരേഖകള്‍ നോക്കി
യെത്രനാള്‍ തിരഞ്ഞൂ ഞാന്‍
വര്‍ണ്ണഭംഗികള്‍ നോക്കി
കര്‍ണ്ണകൌതുകം നോക്കി

നിത്യമാം വിയോഗത്തിന്‍
നിദ്ര മൂടിടും മുമ്പേ
നിത്യതേ കുറിച്ചു ഞാന്‍
ഇക്കളം വരില്ലേ നീ?

അഴകിന്റെ മഴമിന്നല്‍
അങ്കിവസ്ത്രവും ചാര്‍ത്തി
മിഴികള്‍ താമരമൊട്ടു
വിരിയുംപോല്‍ വികസിച്ചു

തിരിനീട്ടി കളംപൂജി-
ച്ചരികേ വീണിരക്കുമ്പോള്‍
വിരിമാറൊന്നുലഞ്ഞതെ-
ന്നൊളികണ്ണാല്‍ നുകര്‍ന്നേന്‍ ഞാന്‍

മൃദുവായ് പുഞ്ചിരി തൂകി
മൃതിയെ നീയകറ്റുമ്പോള്‍
മൃദുലഗാനമായ് ചുണ്ടി-
ലമരുവാന്‍ കുതിച്ചൂ ഞാന്‍

വിരഹവേദനകൊണ്ടു
വിഗതസൌഭഗനെന്നെ
വിമലേ നീ വിളിച്ചത്
വിരിമാറിലടയ്ക്കാനോ?

ചിരിതൂകിക്കുഴഞ്ഞെന്റെ
വിരിമാറില്‍ക്കടക്കാനോ
വിരഹാര്‍ത്തേ കളംപൂജ
കഴിയാറായ്, ചിലമ്പുകള്‍

നലമായ്, കിങ്കിലമായ് നി-
ന്നൊലിതൂകി ചവിട്ടുകീ
നിലമൊന്നു തുടിക്കട്ടേ
നിദ്രയോടിയൊളിക്കട്ടെ

അഖിലാര്‍ത്തിഹരേ നിന്നെ
യടിമുടി വരച്ചൂ ഞാന്‍
അതിശാന്തം കലികൊള്ളാ-
തകമേ നീയിരിക്കുമ്പോള്‍

ഇതുകണ്ടു കുളിര്‍ക്കുമ്പോള്‍
ഇംഗിതം പൂത്തു കായ്ക്കുമ്പോള്‍
ഇടിനാദം മുഴങ്ങുന്നു
പടവാള്‍ ഞാനെടുക്കുന്നു

ഇനിയും ശോഭനേ നിന്നെ
ഇവിടെ ഞാന്‍ വരച്ചേയ്ക്കാം
ഇതു മായ്ക്കാന്‍ സമയമായ്
ഹൃദയം ശാന്തമാകാറായ്

വിരഹാര്‍ത്തേ, വികലാംഗേ
വിഗതസൌഭഗേ, ദേവീ
വിരിയുമോ കളം മായ്ക്കാന്‍
കഴിയാതുള്‍ക്കളം തന്നില്‍?

5 തെളിനീര്‍ക്കുടം

അമ്മേ ,മാമകഹൃദയചകോര-
മടങ്ങാതുള്ളൊരു ദാഹത്താ-
ലമ്മിഞ്ഞപ്പാലിന്നായ് പിന്നെയു-
മുഴറുകയാണിന്നും
മാനം വിട്ടു കരഞ്ഞുകിടന്നാല്‍-
മാത്രം തരുവന്‍ ഞാ-
നാനന്ദത്തിന്നുറവിടമാകിയൊ-
രമ്മ ശഠിയ്ക്കുന്നൂ.
കൈയും കാലുമിളക്കിയുമിളകിയു-
മിഴയാന്‍ കൊതി കൊള്ളും
മെയ്യില്‍ ചേര്‍ ന്നൊരു മുറിവുകള്‍ ചതവുകള്‍
പീഡകള്‍ ചേര്ത്താലും
കുടുകുടെയെന്നില്‍ നിറഞ്ഞുവഴിഞ്ഞൊരു
ചിരിയുടെ നാദത്താല്‍
കുതുകം പൂണ്ടു ചിരിയ്ക്കുകയാണെ-
ന്നംബിക നിര്‍വ്യാജം
വാനവനെന്നും മാനവനെന്നും
ഞാനെങ്ങനെയറിയാന്‍
ദീനതനീക്കിസ്സത്യജ്ഞാന-
മെനിയ്ക്കു തരേണം നീ
തെറ്റുകള്‍ വീഴ്ചകള്‍ കുറ്റം കുറവുകള്‍
മര്ത്ത്യനു സഹജാതം
പെറ്റമ്മയ്ക്കുള്ളലിവിന്നമൃതൊരു
തുള്ളിയിരക്കുന്നേന്‍
ദുഃഖം തന്നു സുഖം ചോദിപ്പാന്‍
വരുമെന്‍ വികൃതിത്തം
ചില്ക്കാമ്പായ നിനക്കും തെല്ലു
പൊറുക്കാന്‍ കഴിയായ്കില്‍
താവകവാഞ്ഛകളാണു മരിപ്പതു
വെള്ളിവിഹായസ്സില്‍
താഴാതങ്ങനെ വളരേണ്ടും ദ്യുതി
തളരാനിടയാകും.
അമ്മേ മാമകഹൃദയചകോര-
മടങ്ങാതുള്ളൊരുദാഹത്താ-
ലമ്മിഞ്ഞപ്പാലിന്നായ് പിന്നെയു-
മുഴറുകയാണെന്നും
താനുണ്ണാത്തൊരു തേവരുനല്കും
വരമായ് വന്നേയ്ക്കും
മാനവരാശിയ്ക്കെന്നുടെസേവന-
സംഭാവന ജനനീ
തെല്ലു കനിഞ്ഞരുളേണമനുഗ്രഹ-
മായതുകൊണ്ടന്നില്‍
കല്യാണീ ,കരുണനിറഞ്ഞൊരു
കടനേര്‍മിഴിയാലേ
സ്നേഹം വറ്റിവരണ്ടുകിടക്കും
മണലാരണ്യത്തില്‍
ദാഹം കൊണ്ടു മരിയ്ക്കാറായൊരു
ജനത പിടയ്ക്കുന്നൂ.
ഞാനൊന്നങ്ങോട്ടോടിയണഞ്ഞെന്‍
തെളിനീര്ക്കുടവും ചേര്‍-
ന്നൂനം വിട്ടു ചരിയ്ക്കെപ്പാത്രം
തനിയേ നിറയാവൂ.
പടയാണത്രേ പാരിനു പരിചയ-
മതുലപ്രേമത്തിന്‍
പരിമളമേന്തും പ്രാണപ്രീണന-
വാതകമാകാം ഞാന്‍
വെള്ളപ്രാവുകളിണയുടെ കൊക്കില്‍
ചേര്ക്കുന്നരിമണിഞാന്‍
മല്ലീസായകരാഗൌഘത്താല്‍
മധുരിപ്പിച്ചേയ്കാം
ശാന്തി ലസിയ്ക്കും വൈകുണ്ഠത്തിന്‍
ഗോപുരപാലന്മാര്‍
ശാന്തന്മാരായ് വരുവാനിനിയും
കാലം നീണ്ടേയ്ക്കാം
ദുര്ഗ്രഹദുഷ്ടദുരൂഹചരിത്രം
പുനരാവര്ത്തിയ്ക്കാം
ദുഃഖിതനാകാതേ ഞാന്‍ ദുന്ദുഭി
കൊട്ടാം മുനിമാര്ക്കായ്
അമ്മേ,മാമകഹൃദയചകോര-
മടങ്ങാതുള്ളൊരു ദാഹത്താ-
ലമ്മിഞ്ഞപ്പാലിന്നായ് പിന്നെയു-
മുഴറുകയാണിന്നും
വിരിയുമുഷസ്സിന്‍ താമരതൂകും
വിമലദ്യുതിയെന്നില്‍
വിരിയുവതിന്നായ് വിരവൊടു വരികെ-
ന്നക്ഷയതേജസ്സേ
വിഗതഭയം ഞാനായിരമായിര-
മടിയിലെ മൊട്ടുകളില്‍
വിരിയിപ്പിയ്ക്കാമിതളുകള്‍ മാനവ-
വിസ്തൃതവനഭൂവില്‍
മുള്‍ ച്ചെടിയായ് ഞാന്‍ നില്ക്കാം മണ്ണില്‍
സ്നേഹിപ്പോര്‍ ക്കെല്ലാം
പിച്ചകമലരായടിമലര്‍ ,കുമ്പി-
ട്ടര്ച്ചനചെയ്തീടാം
മിന്നിനടക്കും കീടംപോലിരുള്‍
തന്നിലുമിഴയാം ഞാന്‍
ധന്യം പൂഴിത്തരിയായാലും
നിന്നുടെ മകനിഷ്ടം.
ചേതനയറ്റു കിടക്കണമെന്നാ-
ലായതുമഭികാമ്യം,
പ്രീതമനസ്സിന്നമൃതൂട്ടാനെ-
ന്നംബികയുണ്ടല്ലോ
പീഡകളറ്റു വരാനന്ദത്തിന്‍
പിഞ്ഛ നിവര്ത്തീടാം
നൂതനനൃത്തവിശേഷമണയ്ക്കാം
താവകസവിധത്തില്‍.
അമ്മേ ,മാമകഹൃദയചകോര-
മടങ്ങാതുള്ളൊരു ദാഹത്താ-
ലമ്മിഞ്ഞപ്പാലിന്നായ് പിന്നെയു-
മുഴറുകയാണിന്നും.

6 പോര്‍ക്കളത്തില്‍

(ജാതകം തിരുത്താനാവുകയില്ലെന്നറിയുക,എന്നിട്ടും സര്‍വശക്തിയുമെെടുത്തു വിധിയോടു മല്ലടിയ്ക്കുക,യുദ്ധത്തിനായി ജനിച്ച്.യുദ്ധത്തിലൂടെ ജീവിച്ച്,മരണം പോലും ഒരു യുദ്ധമാക്കി മാറ്റിയ ഈ കവിയുടെകഥ അദ്ധേഹത്തിന്റെ മാത്രം കഥയാണോ? ആവോ!)

അന്ത്യരോദനം പൂര്‍വ-
പുണ്യവാന്മാരില്‍നിന്നി-
ന്നിന്ത്യേ ,ഞാന്‍ ശ്രവിയ്ക്കുന്നു
കൂരമ്പു പറിയ്ക്കുമ്പോള്‍.

കിടിലം കൊള്ളുന്നൂ ഞാ-
നിത്രമേലോര്ത്തില്ലെന്റെ
പടനീക്കത്തിന്കനം
ഞാനുണര്ന്നുയിര്‍ കൊള്‍വൂ

അംബ ,നിന്‍ സുചരിതം
തീര്ത്തപൂര്‍വികരേറ്റോ-
രമ്പു ഞാന്പറിയ്ക്കുന്നു
ഞാന്‍ തൊടുത്തതിബ്ബാണം

ഇത്രമേല്‍ പണിയില്ല
ഗുരുവിന്‍ ക്ഷതം ചേര്ക്കാ-
നിന്നെന്റെവേലയ്ക്കേറ്റം
മൂര്ച്ച കൂടുകയല്ലോ

എങ്കിലും ചെയ്തേ പറ്റൂ
വേഗമേറിയേ പറ്റൂ
സംഗഹീനനായ് ത്തന്നേ
ചെയ്യണം ഞാനെന്കൃത്യം

കണ്ണുകള്കലങ്ങുന്നെ-
ന്നാകിലുംഒരുതുള്ളി-
ക്കണ്ണീരു വീണാല്‍ പോയീ
ഞാന്പരാജിതനായീ

ശക്തിയുമലിവും ചേര്‍-
ന്നെന്റെ വേലഞാന്‍ ചെയ്തൂ
തീര്ക്കണം കഴിവതും
വേഗത്തില്‍ തന്നേ വേണം

ഒരു വന്മലയിപ്പോള്‍
പൊടിയായ് പൊങ്ങീടണം
കടല്‍ വറ്റണമിപ്പോള്‍
തീവ്രമെന്‍ മഹായത്നം

എങ്കിലും ചെയ്തേ തീരൂ
പൂര്‍വസംസ്കാരത്തിന്റെ
ഭംഗി ഞാനുരുത്തിരി-
ച്ചെടുത്തുള്‍ ‍‍ ച്ചേ ര്‍ ന്നേ പറ്റൂ

ത്വരിതം ഭ്രമിയ്ക്കുന്ന
ഗോളങ്ങളെന്നില്‍ ചേര്ക്കും
ദുരിതം പുറംതള്ളി
നീങ്ങുമെന്‍ നീക്കങ്ങളില്‍

ത്വരയില്ലാതായെങ്കില്‍
സര്‍വവും വിഡ്ഢിത്തമായ്
വരുമെന്നറിയുന്നൂ
ഞാനിതേ നിമിഷത്തില്‍

അറിയുന്നൂ ഞാനാത്മ-
നിര്‍ വൃതിയ്ക്കായെങ്കിലും
നിറയും കണ്ണീര്‍തുള്ളി
മുത്താക്കി മാറ്റും യത്നം

അജ്ഞനായിരുന്നപ്പോ-
ളാശ്വസിച്ചതു നന്നായ്
വിജ്ഞനായ് വളര്ന്നതു
വേദനിയ്ക്കുവാനല്ലീ?

എന്തൊരു ശസ്ത്രക്രിയ,
കളിയായ് തുടങ്ങിയോ-
രെന്നിലെ രണാസക്തി
കാര്യമായ് വളര്ന്നല്ലോ

പൊരുതാന്‍ ജനിച്ചൂ ഞാന്‍
പൊരുതിജ്ജീവിപ്പൂ ഞാന്‍
പോരടിയ്ക്കുകയായി-
ത്തീരുമെന്മൃതിപോലും

ജാതകം തിരുത്തേണ്ട,
തിരുത്താന്‍ കഴിവീല
ജാതകൌതുകം ധീര-
ഭടനായ് തീര്ന്നാല്‍ മതി

തൊടുക്കിന്‍ കൂരമ്പുക-
ളെന്നിലേയ്ക്കെല്ലാവരും
പടവെട്ടുവന്‍ ധീരം
ഞാനെന്റെ രംഗങ്ങളില്‍

നിത്യകാമുകിയെന്നെ-
പ്പുച്ഛിച്ചുവെന്നാല്‍ യുദ്ധം
നിര്ത്തും ഞാന്‍ ,ചിരംജീവി-
യല്ലായ്കിലെല്ലായ്പോഴും

അവളെ പ്രസന്നയാ-
ക്കീടുവിന്‍ പ്രതിയോഗി-
ഭടരേ നിങ്ങള്ക്കതേ
ശാപമോക്ഷമായ് വരൂ

കുണ്ഡലകവചങ്ങ-
ളന്നു ഞാന്‍ ദാനം ചെയ്യു-
മെന്നടുത്തണയുന്നോ-
രാദ്യത്തെയര്ഥിയ്ക്കുടന്‍.

7 ഒരു കത്ത്


(ഇത് ഇടശ്ശേരിയ്ക്ക് എഴുതിയൊരു കത്താണ്.ഇത്രയും പറഞ്ഞുകഴിഞ്ഞാല്‍-അതും കവിതയില്‍ നിന്നുവ്യക്തമാണ്,എങ്കിലും-ഒരു കാര്യം കൂടി.ഇടശ്ശേരിടുടെ വ്യക്തിത്വത്തിന്റെ ഏറ്റവും കാതലായ വശം ഈ കവി കണ്ടെത്തിയിട്ടുണ്ട്-നൈര്മ്മല്യം.പൊന്നാനിയിലെ കോടതിഗുമസ്തനായ ഇടശ്ശേരിയെ അറിയുന്നവര്ക്ക് കുയില്ക്കുഞ്ഞുമായുള്ള താരതമ്യത്തിന്റെ സ്വാരസ്യവും നുകരാം)

അന്തരീക്ഷത്തില്‍ ധ്വനി-
യുളവാക്കീടും കാല--
ബന്ധുരമേഘം പക്ഷേ
വിസ്മയം ചേര്ത്തീടായ് വാന്‍
പതുങ്ങിപ്പതുങ്ങി ഞാന്‍
വിന്യസിച്ചീടുന്നതു
പരമാര്ഥാന്വേഷിയ്ക്കു
പാവനം തദ്ദര്ശനം.
തിരതല്ലീടും ധീര-
വാരിധി നില്ക്കുന്നേട-
ത്തൊരു നിമ്നഗ വന്നു
ചേരുന്ന രംഗം നിത്യം
കണ്ടു കണ്ടതില്നിന്നു
കാമ്യമാം പ്രകൃത്യംബ-
തന്റെ സന്ദേശം വായി-
ച്ചിരിയ്ക്കും കവിശ്രേഷ്ഠ!!

സാഷ്ടാംഗനമസ്കാര-
മങ്ങേയ്ക്കു വിനീതമായ്

നാട്ടുകാരനാമൊരു
സോദരന്‍ ചെയ്തീടുന്നു
കാണുമാറുണ്ടങ്ങയെ-
ച്ചിലപ്പോളെന്നാലൊരു
തൂണുപോല്‍ വിറങ്ങലി-
ച്ചകന്നൂ മൌഢ്യത്താല്ഞാന്‍
തെല്ലൊരു പരിചയം
കാണിച്ച നേരത്തെന്നെ
വല്ലാതെയറിഞ്ഞമ-
ട്ടിങ്ങോട്ടു പെരുമാറാന്‍
മടികാണിച്ചീലങ്ങു
വാരിധിയ്ക്കകം ചേര്ന്ന
മദനാതുരയായ
മന്ദഗാമിനിയായ് ഞാന്‍
ഓങ്കാരപ്പൊരുളിന്റെ
മേന്മയും ശിശുവിന്റെ
പൂങ്കണ്ഠമുതിര്ക്കുന്നോ-
രോമനപ്രസാദവും

തന്നിലെ നാദബ്രഹ്മ-
മുള്‍ ക്കൊള്‍വതുണ്ടെന്നൊരു
ധന്യതാഭാവം കുയില്‍-
ക്കുഞ്ഞിനില്ലവിടേയ്ക്കും
ആര്ഷമാണിന്നാടെന്നു
ചരിത്രം പ്രകീര്ത്തിപ്പ-
തധുനാതനമായ-
സത്യമെന്നോര്ക്കുന്നൂ ഞാന്‍
ശുഷ്കമാം നീതിന്യായ-
ക്കോടതിത്തേന്മാവൊരു
പുംസ്കോകിലത്തിന്‍ കിളി-
ക്കൂടായിച്ചമഞ്ഞല്ലോ

കേവലം കറുത്തോരെ-
ച്ചെട്ടിച്ചിപ്പെണ്ണുങ്ങളെ-
ക്കേരളക്കരയുടെ
നന്ദനന്‍ നോക്കിക്കാണ്‍ കേ
നിന്ദയ,ല്ലവജ്ഞയ-
ല്ലസ്പൃശ്യബോധങ്ങള-
ല്ലുന്നതാശയനായ
ഭവാനില്‍ കതിരിട്ടൂ
നിളയെക്കാളും ഭംഗി
കാണുവാന്‍ കഴിഞ്ഞൊരാ
നിജനൈര്മല്യത്തിന്റെ
മുമ്പില്‍ ഞാന്‍ നമിച്ചോട്ടെ


8 പ്രേമലഹരി

ലോകത്തിലെങ്ങും നിറയും വിശുദ്ധ-
പ്രേമത്തെയാരാഞ്ഞലയുന്ന മര്ത്യന്‍
തന്നെസ്സമര്പ്പിയ്ക്കുവതില്ല പാരിന്‍
നിവേദ്യമായ് മൂഢതകൊണ്ടു കഷ്ടം

കര്മ്മപ്രപഞ്ചം കരിതേച്ചു കാട്ടും
കാരുണ്യമെന്തെന്നറിയാത്ത ജന്മം
വരട്ടെ,നില്ക്കട്ടെ ,നശിച്ചിടട്ടേ,
നാളേയ്ക്കതൊന്നും നിലനില്കയില്ല

ആരീ വിഹായസ്സിനെയുറ്റു നോക്കി-
യാരാഞ്ഞിടുന്നൂ പരമാര്ഥലക്ഷ്യം
ആരീ ധരയ്ക്കാന്തരമായൊരാത്മ-
ചൈതന്യമുണ്ടെന്നറിയാന്‍ തുടങ്ങീ

കരച്ചിലാരെക്കരയിച്ചു,കര്മ്മ
സന്ദേശമാരില്‍ ചലനങ്ങള്‍ ചേര്ത്തു
കാഠിന്യലേശം കലരാത്ത ധന്യ-
നാ മാനുഷന്‍ പ്രേമപവിത്രപാത്രം

കുഞ്ഞാടിനെത്തള്ള വിളിച്ചിടുമ്പോള്‍
കുഞ്ഞുങ്ങളോരോന്നു കലമ്പിടുമ്പോള്‍
അര്ഥം ഗ്രഹിപ്പാന്‍ വിഷമിപ്പതില്ലാ
മര്ത്ത്യന്‍ പ്രപഞ്ചപ്രണയൈകമാത്രന്‍

മണ്ണിന്‍ വിശപ്പൊക്കെയവന്നു തോന്നീ-
തന്നുള്ളിലെബ്ഭീകരമാം വിശപ്പായ്.
പാടങ്ങളില്‍ പച്ചപിടിച്ചു കാണാന്‍
പാവം പണിപ്പെട്ടു വിശുദ്ധനായാള്‍

എല്ലാരുമൊന്നിച്ചു സുഖിച്ചുവാഴ്വിന്‍
സ്വര്‍ ലോകമീ ലോക,മതിന്നു വേണ്ടി
പ്രേമപ്രഭാവന്‍ പണിചെയ്തതെല്ലാം
കാമാന്ധര്‍ കഷ്ടം കരിതേച്ചു വിട്ടു

മേലാളര്‍ ,കീഴാളര്‍ ,ധനാഢ്യര്‍,നിസ്വര്‍
ഭൂലോകമെങ്ങും പലമട്ടു ഭിന്നം
നോവുന്നു ചിത്തം ഹൃദയാലുവിന്നു
പാവം ശിരസ്സിന്നു കനത്ത ഭാരം

ഉറങ്ങുമെല്ലാവരുമപ്പൊഴെല്ലാം
കറങ്ങുമാമര്ത്ത്യനിലത്യനേകം
ചിന്താതരംഗങ്ങള്‍-കുറെദ്ദിനംകൊ-
ണ്ടുണ്ടായി സാക്ഷാല്‍ മുനിയാം മനുഷ്യന്‍

എല്ലാമുപേക്ഷിയ്ക്കുവതിന്നു തോന്നീ
കല്ലെന്നപോലേ കഠിനത്വമാര്ന്നൂ
ആരെന്തു ചെയ്തീടിലുമില്ലനക്കം
പിറക്കയായാദിമയോഗിവര്യന്‍

മണ്‍പുറ്റില്‍ നിന്നാ മണിനാദമുണ്ടായ്
മഹത്വമെന്തന്തതില്‍ മുറ്റിനിന്നൂ
അന്നീ ജഗത്തൊന്നു നടുങ്ങി,മര്ത്ത്യര്‍-
ക്കന്നാണു വിഭ്രാന്തി കിളിര്ത്തതാദ്യം

പ്രേമോജ്ജ്വലം മാനസമേവനുണ്ടോ
തന്‍ ദേഹമാം പുറ്റിലവന്‍ തപിപ്പൂ
ശ്രോതവ്യമാര്ക്കും മധുരം നിനാദം
ശ്രദ്ധിയ്ക്കില്‍ വിശ്വപ്രണയൈകഗീതം

1 Comments:

At 5:57 AM, Blogger അനംഗാരി said...

നന്നായിരിക്കുന്നു.ജയന്തന്റെ കവിതകള്‍ പരിചയപ്പെടുത്തിയതിനു നന്ദി.

 

Post a Comment

<< Home