Tuesday, July 04, 2006

പീശപ്പിള്ളി രാജീവന്‍


മൂന്നാട്ടക്കഥ
(കൊടയ്ക്കാട്ടു ശങ്കുണ്ണി നമ്പീശന്റെ മൂന്നാട്ടക്കഥ എന്ന കൃതിയെ മുന്‍നിര്‍ത്തി വായനശാലയില്‍ നടന്ന സെമിനാറില്‍ പ്രശസ്ത കഥകളി - നാടക നടന്‍ പീശപ്പിള്ളി രാജീവന്‍ അവതരിപ്പിച്ച പ്രബന്ധം - സംഗ്രഹം)

ചിക്കപ്പെട്ട കൃതികളുടെ എണ്ണംകൊണ്ട് സമ്പന്നമാണ് ആട്ടക്കഥാ സാഹിത്യം. പ്രസിദ്ധീകരിക്കപ്പെട്ട നൂറില്‍പ്പരം ആട്ടക്കഥകളുണ്ട്. എന്നാല്‍ ഇന്നും അരങ്ങില്‍ സജീവമായിരിക്കുന്നത് ഇരുപതോളം ആട്ടക്കഥകള്‍ മാത്രം. അതും രചിക്കപ്പെട്ട ഭാഗങ്ങള്‍ പൂര്‍ണ്ണമായും അവതരിപ്പിക്കാതെ. ഒന്നു വ്യക്തമാകുന്നു. ഭാഷാസൌകുമാര്യംകൊണ്ടോ വ്യാകരണശുദ്ധികൊണ്ടോ ഒരാട്ടക്കഥയും അരങ്ങു കീഴടക്കുന്നില്ല. രംഗക്രിയാസാദ്ധ്യതകളും നാടകീയതയും കഥാപാത്രപൂര്‍ണ്ണതയും ഒപ്പം സാഹിത്യശുദ്ധിയും – ഇതായിരിക്കാം ഒരു നല്ല ആട്ടക്കഥയുടെ ചേരുവകള്‍.
ശ്രീ കൊടയ്ക്കാട്ട് ശങ്കുണ്ണിനമ്പീശന്‍ എഴുതിയ കാകുല്‍സ്ഥകല്യാണം, ചന്ദ്രാംഗദവിജയം, ശിഖിരാവണവധം എന്നീ ആട്ടക്കഥകളാണ് ഇവിടെ പഠനവിഷയമാകുന്നത്.

1.കാകുല്‍സ്ഥ കല്യാണം

കഥ പുരാണപ്രസിദ്ധമല്ല. നായകകഥാപാത്രമില്ല എന്നത് ഒരു ദോഷമാണ് എന്നു പറയാമെങ്കില്‍ ഇക്കഥയില്‍ അതുണ്ട്. കഥാപാത്രങ്ങളുടെ ആധിക്യം കഥയുടെ ഒഴുക്കിനെ, ശക്തിയെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്നു തോന്നുന്നു. കഥകളിയില്‍ സാധാരണ കണ്ടുവരുന്ന രംഗക്രിയകള്‍ക്കല്ലാതെ മനോധര്‍മ്മത്തിനോ വര്‍ണ്ണനക്കോ സാധ്യതയുള്ള രംഗങ്ങളൊന്നും ഇക്കഥയില്‍ കാണാന്‍ കഴിഞ്ഞില്ല. ചില പദങ്ങളെങ്കിലും മുദ്രകളുടെ ആവര്‍ത്തനംകൊണ്ട് വിരസമാകാന്‍ സാധ്യതയുണ്ട്. ഉദാ –
“ആത്തമോദം ഞാനീയേകിടും വിത്തവസ്ത്രാദി
പ്രീത്യാ സാകം വാങ്ങിക്കൊള്ളുക”

“ഇവരാരെവിടെ വസിക്കുന്നോര്‍? മര്‍ത്യന്മാരല്ല
ദിവി വാഴുന്നവരോയെന്നറിഞ്ഞില്ല.
ശ്രീരാമന്‍ ആഗ്നേയാസ്ത്രത്തെ ധ്യാനിക്കുന്നതും ആഗ്നേയാസ്ത്രത്തിന്റെ രംഗപ്രവേശവും കിര്‍മ്മീരവധത്തിലെ സുദര്‍ശനരംഗത്തോട് വളരെ അടുത്തുനില്‍ക്കുന്നു.
രണ്ടുരാത്രികളിലായി അവതരിപ്പിക്കാനുള്ള ദൃഢത ഇക്കഥയ്ക്കില്ലാത്തതുകൊണ്ട് പലരംഗങ്ങളും വിരസമാകാനിടയുണ്ട്. രണ്ടു ശൃംഗാരപദങ്ങള്‍ അടുത്തടുത്തു വരുന്നത് വൈരസ്യമല്ലാതെ മറ്റൊരു രസവും ഉണ്ടാക്കുമെന്നു ചിന്തിയ്ക്കാന്‍വയ്യ. (യൂപകേതുവിന്റേയും കംബുകണ്ഠന്റേയും ശൃംഗാരപദങ്ങള്‍.)
സംബോധനകള്‍ മാത്രമടങ്ങുന്ന വരികള്‍ എഴുതിയത് കഥകളിയുടെ പരിമിതികള്‍ അറിയാതെയാവാനും തരമുണ്ട്. ചൊല്ലിക്കേള്‍ക്കുമ്പോഴുണ്ടാകുന്ന സുഖം അഭിനയിച്ചുകാണുമ്പോഴുണ്ടാകാനിടയില്ല.
പരിമിതമായ പരിചയംവെച്ചു വിലയിരുത്തുമ്പോള്‍ കാകുല്‍സ്ഥകല്യാണം ആട്ടക്കഥയുടെ അരങ്ങുസാധ്യതകള്‍ അതിശയകരമാണെന്നു പറയാന്‍വയ്യ.
2. ചന്ദ്രാംഗദവിജയം

അരങ്ങുവഴക്കങ്ങളെ കീഴ്മേല്‍ മറിക്കുന്ന അത്ഭുതങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണത്തില്‍ നൂതന പരീക്ഷണസാധ്യതയുള്ള കൃതിയാണ് ചന്ദ്രാംഗദവിജയം.
ഒരു ശൃംഗാരപദത്തോടെ തുടങ്ങിയിട്ട് രണ്ടും മൂന്നും രംഗങ്ങളില്‍ കഥകളിയില്‍ ഇതുവരെ പ്രയോഗിക്കപ്പെട്ടില്ലാത്ത രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. രണ്ടു ജ്യോതിഷികള്‍. ജ്യോതിഷത്തിന്‍റെ പ്രയോഗങ്ങള്‍ വശമായതിനാലാകണം ഈ രണ്ടു രംഗങ്ങളും അരങ്ങത്തു ശോഭിക്കാനാവശ്യമായ ചേരുവകള്‍ ചേര്‍ത്ത് എഴുതാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്.
കഥയുടെ മുന്നോട്ടുള്ള യാത്രയില്‍ പതിവുകഥകളിവഴിവിട്ടു സഞ്ചരിക്കുന്ന ഒരു രംഗംകൂടിയുണ്ട് ഇക്കഥയില്‍. ചന്ദ്രാംഗദന്‍റെ തോണികളി. ഒരു വഞ്ചിപ്പാട്ടിന്‍റെ ഈണത്തില്‍ എഴുതിയിരിക്കുന്ന ഈ ഭാഗം അതിന്‍റെ ചടുലതകൊണ്ടും അഭിനയസാധ്യതകൊണ്ടും പുതുമകൊണ്ടും ശ്രദ്ധേയമാകും എന്നു തോന്നുന്നു. നതോന്നതയില്‍ സ്തുതി മുതല്‍ നദിയുടെ സ്വഭാവവും നദീതീരക്കാഴ്ചകളും വര്‍ണ്ണിച്ച് മുന്നേറി ദുരന്തത്തില്‍ കലാശിക്കുന്ന ഈ രംഗം നന്നാവാന്‍ വളരെ സാദ്ധ്യതയുണ്ട്.
ഭക്തിയുടേയും വിരഹത്തിന്‍റേയും ശോകത്തിന്‍റേയും മുഹൂര്‍ത്തങ്ങളും യുദ്ധരംഗങ്ങളുമൊക്കെയായി പുരോഗമിക്കുന്ന ഇക്കഥ ഒരിക്കലെങ്കിലും ഒന്നവതരിപ്പിച്ച് സഹൃദയമതം അറിയേണ്ടതാണെന്നു തോന്നുന്നു.

3. ശിഖിരാവണവധം

കഥകളിയിലെ പതിവുവഴിവിട്ടൊരു രംഗവും ഇക്കഥയിലില്ല. പാത്രസൃഷ്ടിയിലും മിഴിവുപോരാ. ഹനൂമാന്‍, സുഗ്രീവന്‍, അംഗദന്‍ എന്നിവരെ ഒരു രംഗത്തില്‍ ഒരുമിച്ചു കൊണ്ടുവന്നാല്‍ ആഹാര്യശോഭ എന്ന അംശം നഷ്ടപ്പെടാനിടയില്ലേ എന്നു സംശയം.
വേറിട്ട ഒരു രംഗാനുഭവമാകാന്‍ പോന്ന ആട്ടക്കഥയാക്കി മാറ്റിയെടുക്കാന്‍ സാധിക്കാത്തവിധം ശുഷ്കമാണ് ഇക്കഥകള്‍ എന്നഭിപ്രായമില്ല. ചെറിയ മുറിച്ചുമാറ്റലും കൂട്ടിച്ചേര്‍ക്കലും നടത്തിയാല്‍ അരങ്ങത്തു ശോഭിക്കാന്‍ കഴിയുന്നവയാണ് മൂന്നാട്ടക്കഥ. ആട്ടക്കഥകള്‍ വിലയിരുത്തപ്പെടേണ്ടത് അരങ്ങുപാഠംകൂടി കണ്ടതിനു ശേഷമാണല്ലോ.

3 Comments:

At 12:33 PM, Blogger പെരിങ്ങോടന്‍ said...

നല്ല സംരംഭം. നാട്ടില്‍ വായനശാലകള്‍ ഇപ്പോഴും സാംസ്കാരികലോകത്തിന്റെ കാവല്‍ ഗോപുരങ്ങളായി നിന്നുപോകുന്നുണ്ടെന്നുള്ളതു വളരെ സന്തോഷകരമായ വാര്‍ത്ത. വായനശാലയിലെ അംഗങ്ങളുടെ സൃഷ്ടികള്‍ ബൂലോഗത്തിലെ മലയാളികള്‍ക്കു പരിചയപ്പെടുത്തുന്നതിനൊപ്പം ബൂലോഗത്തിനെ കുറിച്ചു വായനശാലയിലുള്ളവരോടും പറയുക. മലയാളം വളരട്ടെ. ഭാവുകങ്ങള്‍!

 
At 2:21 AM, Blogger അരവിന്ദ് :: aravind said...

ഹായ്! ആട്ടവും സാഹിത്യവും കഥകളിയുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഇതാ ഒരു ബ്ലോഗ്!

പെരിങ്ങോടരേയും ഉമേഷ്ജിയേയും മറ്റും കൂട്ടിക്കോളൂ ട്ടോ..
ഞാനിവിടെ പിന്നില്‍ നിന്ന് കേള്‍‌ക്കാം.
മുറുക്കാന്‍ ചെല്ലവും വിശറിയും എടുക്കട്ടേ?

 
At 4:48 AM, Blogger AVHS said...

വായനശാലയുടെ ഈ സംരംഭത്തിനു എല്ലാ ഭാവുകങളും നേരുന്നു.

 

Post a Comment

<< Home