Wednesday, December 20, 2006

സര്‍ഗ്ഗദേശം പ്രകാശനം


(കവി വട്ടംകുളം ശങ്കുണ്ണി 'സര്‍ഗ്ഗദേശം' പ്രകാശനം ചെയ്തു സംസാരിക്കുന്നു.)

പണ്ട് വായനശാലയില്‍ പുലരി എന്നൊരു കൈയ്യെഴുത്തു പ്രസിദ്ധീകരണമുണ്ടായിരുന്നു. ഇന്നു പ്രശസ്തരായ വട്ടംകുളത്തെ എഴുത്തുകാരെല്ലാം അതിലാണെഴുത്തിനിരുന്നത്. അന്നത്തെ നാലോ അഞ്ചോ ലക്കങ്ങള്‍ ഇപ്പോഴും നമ്മുടെ അലമാരയില്‍ ഭദ്രമായിരിപ്പുണ്ട്. അഭിമാനകരമായ ഓര്‍മ്മകളുടെ അമൂല്യരേഖയായി.

ഇടയ്ക്കു നിലച്ചുപോയ പുലരിയുടെ തുടര്‍ച്ചയാകാം സര്‍ഗ്ഗദേശം. വട്ടംകുളത്തെ പുതുതലമുറയുടെ ആവിഷ്കാരങ്ങള്‍ക്കു താളൊരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മണ്ണില്‍ വീണ വിത്ത് അനുകൂലാന്തരീക്ഷം ലഭിക്കുമ്പോള്‍ മുളപൊട്ടിവിരിയുന്നു. സാഹചര്യമൊരുക്കുക എന്ന ആ പ്രകൃതിധര്‍മ്മം മാത്രമേ ഇവിടെ വായനശാലയ്ക്കു ചെയ്യാനുള്ളു. വിതച്ചതെല്ലാം മുളയ്ക്കാറില്ല. മുളച്ചതെല്ലാം വിളയാറുമില്ല. അതെല്ലാം വിത്തുഗുണം പോലെ.
ഒറ്റപ്രതിമാത്രമുള്ള ഒരു പ്രസിദ്ധീകരണമാണിത്. പുതുരചനകള്‍ കിട്ടുന്ന മുറയ്ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതിനാല്‍ ഉള്ളടക്കം അപൂര്‍ണ്ണമായിരിക്കും;താളുകള്‍ അനന്തവും. ഇതൊരു പരിമിതിയല്ല, മറിച്ച് സദാ പുതുക്കപ്പെടാനുള്ള ഒരു സാദ്ധ്യതയാണെന്ന് ഞങ്ങള്‍ കരുതുന്നു.

Saturday, December 16, 2006

എസ് .പി രവിചന്ദ്രന്‍

അന്നത്തെ വായനശാല
ശ്രീ എസ് .പി രവിചന്ദ്രന്‍ മാസ്റ്റരുമായി നന്ദന്‍ നടത്തിയ കൂടിക്കാഴ്ചയില്നിന്ന് തയ്യാറാക്കിയത്.

1947 ജൂലായ് പത്തിനാണ് വായനശാല സ്ഥാപിച്ചത്. 1947 ആഗസ്റ്റ് 15ന് വായനശാലയില്‍ കൊടി ഉയര്ത്തി.1958ല്‍ റജിസ്റ്റ്രേഷന്‍ കിട്ടി. 1975ല്‍ വായനശാലാ പ്രവര്ത്തകര്‍ തന്നെയാണ് അമ്പിളി കലാസമിതിയ്ക്ക് രൂപം കൊടുത്തത്.
പൊന്നാനി എ.വി.ഹൈസ്കൂളില്‍ നടന്ന ഒരു ചടങ്ങില്‍, സാംസ്കാരികസ്ഥാപനങ്ങള്‍ അമ്പലങ്ങളേക്കാളും പള്ളികളേക്കാളും ഉയര്ന്നു നില്ക്കണമെന്ന് ശ്രീ.ജി.ശങ്കരക്കുറുപ്പ് പ്രസംഗിയ്ക്കുകയുണ്ടായി. സദസ്സില്‍ ഈ പ്രസ്താവന മുറുമുറുപ്പുണ്ടാക്കി. തന്റെ പ്രസ്താവന തിരുത്താന്‍ വേണ്ടി ജി എഴുന്നേറ്റു. സ്റ്റേജില്‍ ഉണ്ടായിരുന്ന ശ്രീ എന്‍.വി. കൃഷ്ണവാരിയര്‍ ഈ പ്രസ്താവന ശരിയാണെന്നും അതു തിരുത്തുന്നതാണ് തെറ്റെന്നും പ്രസ്താവിച്ചു. ഇതിന്റെ ഒരുപ്രതിഫലനമാണ് വട്ടംകുളത്തെ വായനശാലാപ്രവര്ത്തനമെന്നു പറയാം.
സര്‍വശ്രീ രവീന്ദ്രന്‍ മാഷ്, നെഡ്ഡം കുഞ്ചുനമ്പൂതിരി. സി.കെ അബ്ദു. ഉക്രുമാഷ്. ജാതവേദന്‍ നമ്പൂതിരി തുടങ്ങിയവരുടെ കൂടിയാലോചനയില്‍ നിന്നാണ് പ്രസ്ഥാനം രൂപം കൊള്ളുന്നത്. വീടുകളില്‍നിന്ന് ഉപപാഠപുസ്തകങ്ങളടക്കം ആയിരത്തിനാനൂറോളം പുസ്തകങ്ങള്‍ അവര്‍ സംഭരിച്ചു. അക്കാലത്ത് എടപ്പാളില്‍ വന്ന ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആചാര്യന്‍ ശ്രീ പി.എന്‍.പണിയ്ക്കര്‍ മൂവായിരം പുസ്തകങ്ങള്‍ വേണമെന്നു നിര്‍ദ്ദേശിച്ചു. ഇക്കാലത്തു കിട്ടിയ ഒരു പ്രധാനപുസ്തകം ശ്രീ നെഡ്ഡം നീലകണ്ഠന്‍ നമ്പതിരി ഭവത്രാതന്റെ അച്ഛന്‍ സംഭാവന ചെയ്ത വിക്ടര്‍ ഹ്യൂഗോവിന്റെ പാവങ്ങളുടെ രണ്ടാം ഭാഗമായിരുന്നു. അതില്‍ ഒന്നാം ഭാഗം കൂടിചേര്ത്തുവെയ്ക്കണമെന്ന നിര്ദ്ദേശം എഴുതിച്ചേര്ത്തിരുന്നു.
അക്കാലത്ത് ശ്രീ എം.പി.പരമേശ്വരന്‍റെ കെട്ടിടത്തിനെതിരെയുള്ള കെട്ടിടത്തിലായിരുന്നു വായനശാല പ്രവര്ത്തിച്ചിരുന്നത്. ലൈബ്രേറിയന്‍ ഇല്ല. സന്നദ്ധപ്രവര്ത്തനം മാത്രം.
പുസ്തകങ്ങളും പണവും നടന്നു പിരിയ്ക്കുമ്പോള്‍ ശ്രീ.ടി.കെ.ഗോപാലമേനോന്‍ പറഞ്ഞു ഞാനൊരു വായനശാലയ്ക്ക് കെട്ടിടവും പുസ്തകവും കൊടുത്തു. അതൊക്കെ ചിതല്‍ തിന്നു. ഇതിനൊന്നും തരില്ല കേറ്റിക്കൊണ്ടിരുന്ന വീടടക്കം തകര്ന്നു. എന്നിട്ടും മൂന്നു രൂപ തന്നു. വായനശാലാ പ്രവര്ത്തകരുടെ ക്ഷണമനുസരിച്ച് വായനശാല സന്ദര്ശിച്ചു. പിന്നീട് ആരും ആവശ്യപ്പെടാതെ തന്നെ ഇരുപത്തിയഞ്ചുരൂപ തരുകയും ചെയ്തു.
അക്കിത്തമൊക്കെ വായനശാലയുമായി സഹകരിച്ചിരുന്നു. ഒരിയ്ക്കല്‍ എന്‍.എന്‍.കക്കാട് വായനശാലയില്‍ വരുകയുണ്ടായി. പിന്നെ പ്രവര്ത്തനം മങ്ങി. കാരംസ് കളിയും ചീട്ടുകളിയുമായി. പുസ്തകങ്ങള് ചിതലരിച്ചു. അവസാനം പുസ്തകങ്ങളൊക്കെ സഞ്ചിയിലാക്കി പഞ്ചായത്തിനെ ഏല്പിച്ചു. കുറെയെണ്ണം അവിടെക്കിടന്നും നശിച്ചു.

അക്കാലത്താണ് ശ്രീ സി.എന്‍ നമ്പീശന്‍ നാട്ടിലെത്തുന്നത്. അദ്ദേഹത്തെ ചെന്നു കണ്ടു. പഞ്ചായത്താപ്പീസില്‍ ബാക്കിയ്യ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തട്ടിന്‍പുറത്തെത്തി.

അമ്പിളി കലാസമിതിയ്ക്ക് ആ പേരിട്ടത് സി എന്‍.നമ്പീശനാണ്. എന്നാല്‍ വായനശാലയ്ക്ക് ഗ്രാമീണവായനശാല എന്ന് പേരിട്ടത് ആരാണെന്നറിയില്ല. വായനശാലയ്ക്ക് പുതിയ കെട്ടിടമുണ്ടാകുന്നതുവരെ നമ്പീശന്‍മാഷടെ കെട്ടിടത്തില്‍ സ്വന്തം കെട്ടിടത്തിലെന്നപോലെ സ്വച്ഛവും സ്വതന്ത്രവുമായി പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞു.

നാസര്‍

പുലിജന്മം
ഒരു ആസ്വാദനക്കുറിപ്പ്

ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെ സംഘാടകത്വത്തില്‍പ്രദര്‍ശിപ്പിച്ച പ്രിയനന്ദന്‍റെ പുലിജന്മം എന്നസിനിമ കണ്ടിറങ്ങിയപ്പോള്‍ മനസ്സില്‍ വല്ലാത്തൊരാഹ്ളാദമാണ് തോന്നിയത്. ഇദ്ദേഹത്തിന്‍റെ തന്നെ ആദ്യസിനിമയായ നെയ്ത്തുകാരന്‍ കണ്ടപ്പോഴുണ്ടായ അനുഭവത്തില്‍നിന്നും വളരെ വ്യത്യസ്തമാണ് പുലിജന്മം എന്ന സിനിമ നമ്മളില്‍ ഉണ്ടാക്കുന്ന പ്രതികരണം. ഭൂതകാലത്തിലെ തീവ്രമായ അനുഭവങ്ങളെ ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ ഓര്‍മ്മിയ്ക്കുകയും ഉജ്ജ്വലമായ ആ ഓര്‍മ്മകളില്‍ അനുഭൂതിയുടെ മേമ്പൊടി ചേര്‍ത്ത് അയവിറക്കി എല്ലാ മാനുഷികമൂല്യങ്ങള്‍ക്കും താളം തെറ്റിയ ഈ കാലഘട്ടത്തില്‍ തന്‍റെ ജീവിതത്തിന് ഒരു താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന അപ്പമേസ്തിരിയുടെ അനുഭവങ്ങളെ കാവ്യാത്മകമായ ഒരു ദൃശ്യാനുഭവമാക്കിത്തീര്‍ക്കാന്‍ നെയ്ത്തുകാരനില്‍ പ്രിയനന്ദന് കഴിഞ്ഞിട്ടുണ്ട് എന്നു തീര്ച്ചപ്പെടുത്തിക്കൊണ്ടു തന്നെ പറയട്ടെ പുലിജന്മം അതിനുമെത്രയോ മുകളിലാണ് നില്ക്കുന്നത്. മാധ്യമബോധമുള്ള സംവിധായകന്‍റെ സിനിമയാണിത്. എന്‍ പ്രഭാകരന്‍റെ നാടകത്തില്‍ നിന്നും വളരെ വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ നമ്മളില്‍ ഉളവാക്കുന്നത്. ദൃശ്യചാരുതയുടെ സവിശേഷതകൊണ്ടല്ല ഞാനിതു പറയുന്നത്.
സിനിമയിലുടനീളം നിലനില്‍ക്കുന്ന ഇടതുപക്ഷരാഷ്ട്രീയവിമര്‍ശനസാന്നിദ്ധ്യത്തെ ചെറിയ ചെറിയസൂചനകളിലേയ്ക്ക് സന്നിവേശിപ്പിയ്ക്കാന്‍ ഈ കലാകാരന്‍ പ്രദര്ശിപ്പിയ്ക്കുന്ന ഹൃദ്യമായ ആത്മാര്ത്ഥത, ഏതുതലത്തില്‍ നിന്നുനോക്കിയാലും ഈ സിനിമയെ വ്യത്യസ്തമാക്കുന്നു. സാമൂഹികപ്രശ്നങ്ങളിലെ ഇടപെടലുകളുടെ തുടര്ച്ച മലയാളസിനിമയില്‍ നഷ്ടപ്പെട്ടിട്ട് വര്ഷങ്ങളേറെയായി. കാഴ്ചയുടെ വിരിന്നൊരുക്കാന്‍ കോടികള്‍ മുടക്കുന്ന വ്യവസായസിനിമയുടെ രീതിശാസ്ത്രത്തെ നിരാകരിയ്ക്കുകയും നേരിന്‍റെ തിരിച്ചറിവുമായി പൊള്ളുന്ന ഒരുപിടി ചോദ്യങ്ങള്‍ പ്രേക്ഷകന്‍റെ മുന്നിലേയ്ക്കിട്ട് മാറിനില്ക്കുന്ന ഈ കലാകാരന് മുന്നില്‍ ഉത്തരങ്ങളില്ലാതെ കപടമായ നിഷ്പക്ഷതയുടെ മുഖാവരണവുമിട്ട് ആര്ക്കും പൊട്ടന്‍ കളിയ്ക്കാന്‍ സാദ്ധ്യമല്ല.
വായന കൂടിപ്പോയതിന്‍റെ പരിഹാസ്യമായ ഫലിതം. എത്ര നിര്‍വികാരമായാണ് കെ.കെ.സി എന്ന പ്രാദേശികനേതാവ് പുച്ഛത്തോടെ പുലമ്പുന്നത്. ഇടതുപക്ഷമെന്നും വലതുപക്ഷമെന്നുമുള്ള വേര്തിരിവിന്‍റെ വരമ്പുകള്‍ പൊട്ടിപ്പോകുന്നതിന്‍റെ കാഴ്ച ഏതൊരു ഇടതുപക്ഷസഹയാത്രികനേയും പോലെ വളരെ വേദനയോടെയാണ് പ്രിയനന്ദന്‍ കാണുന്നത്. വടക്കന്‍കേരളത്തിന്‍റെ പ്രാദേശികസംസ്കൃതിയില്‍ ഇഴുകിച്ചേര്ന്ന ഒരു മിത്തിനെ എടുത്തുകൊണ്ട് വര്ത്തമാനരാഷ്ട്രീയത്തെ നോക്കിക്കാണുകയും പൊട്ടന്‍കളിയ്ക്കുന്ന നമ്മുടെയൊക്കെ തനിസ്വരൂപത്തെ പരിഹസിയ്ക്കുകയും ചെയ്യുന്നു പ്രിയനന്ദനന്‍.
ഇടതുപക്ഷരാഷ്ട്രീയം പരിസ്ഥിതി,വര്ഗീയത,ആത്മീയത എന്നിങ്ങനെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ സാമൂഹികപ്രശ്നങ്ങളിലും ഇടപെട്ടുകൊണ്ട് തന്റെ സ്വത്വം തിരിച്ചറിയാന്‍ ശ്രമിയ്ക്കുകയാണ് ഈ കലാകാരന്‍. ഭൂമി കുഴിച്ച് കുഴിച്ച് പോകുന്ന ഭൂതത്താന്മാരെക്കുറിച്ച് പണ്ട് വയലാര്‍ പാടിയിട്ടുണ്ട്. ജെ.സി.ബി.പോലത്തെ ഭൂമി തുരക്കുന്ന ആധുനികയന്ത്രങ്ങളുടെ പില്ക്കാലവരവിന്‍റെ ദീര്ഘദര്ശനമായിരുന്നില്ലേ അത് എന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് തോന്നാന്‍ കാരണം, മണ്ണിന്‍റെ മാറിലേയ്ക്ക് തന്‍റെ ദംഷ്ട്രകള്‍ താഴ്ത്തിയിറക്കി രുധിരം രുചിയ്ക്കുന്ന ജെ.സി.ബി.യുടെ നിറവാര്ന്ന ദൃശ്യത്തില്‍ നിന്നും പ്രകൃതിയുടെ ആര്ദ്രത കൈക്കുമ്പിളില്‍ നിറച്ച് വാഴയിലയുടെ ഇളം തണ്ടിനെ തലോടി കരുണയോടെ നോക്കിനില്‍ക്കുന്ന പ്രകാശനിലേയ്ക്ക് കട്ട് ചെയ്യുന്ന ആ ഒരൊറ്റ ദൃശ്യത്തിലൂടെ പ്രകൃതിയുടെ അകാലമരണത്തിന് ചരമക്കുറിപ്പെഴുതുകയാണീ സംവിധായകന്‍. ഇതുപോലെ പ്രേക്ഷകനെ അസ്വസ്ഥനാക്കുന്ന ദൃശ്യസാന്നിദ്ധ്യങ്ങള്‍ കൊണ്ട് സജീവമാണീ സിനിമ.
കൈപൊക്കിയുച്ചത്തിലോതുന്നേന്‍
കേള്ക്കുന്നില്ലാരുമെന്നാലും.
എന്ന് കവി പാടിയതുപോലെ കുറെ സത്യങ്ങള്‍ ഈ സിനിമ വിളിച്ചുപറയുന്നു. അത് പ്രേക്ഷകരെ എങ്ങനെ ഹോണ്ട് ചെയ്യുന്നു എന്നതാണ് പ്രധാനം. അല്ലെങ്കില്‍ അസ്വസ്ഥരായ കാണികളെ നിര്മ്മിയ്ക്കാന്‍ ഈ സിനിമയ്ക്ക് കഴിയുന്നുണ്ടോ എന്നുള്ളതും ശ്രദ്ധേയമായ ഒരു കാര്യമാണ്. ഉള്ളിലെരിയുന്ന കനലുകളെ അണയാതെ സൂക്ഷിയ്ക്കുകയെന്നതുതന്നെ ധീരമായ ഒരു യജ്ഞമാണ്. ആസുരമായ കാലത്തിന്‍റെ വ്യാകുലതകള്ക്കുമുന്നില്‍ എല്ലാ പ്രതീക്ഷകളും വീണുടയുന്നതിന്‍റെ നിസ്വനം കേട്ട് നിസ്സഹായനായി നില്ക്കുന്ന പ്രകാശന്‍റെ ചിത്രം ഏതൊരുപ്രേക്ഷകന്‍റെയും ഉള്ളുലയ്ക്കാതിരിയ്ക്കില്ല. ധ്യാനകേന്ദ്രങ്ങളിലൂടെയുള്ള ആത്മീയതയുടെ അര്ത്ഥമറ്റ അസംബന്ധങ്ങളെ ശുഭ്രവസ്ത്രധാരിണിയായ അമ്മയുടെ സാന്നിദ്ധ്യത്തിലൂടെ നമ്മുടെ മുന്നിലേയ്ക്കെത്തിയ്ക്കാന്‍ കാണിച്ച അപാരമായ ആ ആര്ജ്ജവത്തെ പ്രശംസിച്ചേമതിയാകൂ. സ്വത്വപ്രതിസന്ധിയുടെ നിലവിളിയിലാണ് സിനിമ അവസാനിപ്പിയ്ക്കുന്നതെങ്കിലും പ്രത്യാശയുടെ പ്രകാശകിരണങ്ങള്‍ പ്രേക്ഷകന്‍റെ ഉള്ളിലിടം കണ്ടെത്താന്‍ ഈ കലാകാരന്‍ കാണിക്കുന്ന പ്രയത്നത്തെ നമ്മള്‍ കാണാതിരുന്നുകൂടാ.
സാങ്കേതികതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു കിട്ടണമെങ്കില്‍ ഒരുവട്ടം കൂടി ഈസിനിമ കാണേണ്ടിയിരിയ്ക്കുന്നു. പുനര്‍വായന ആവശ്യപ്പെടുന്ന കൃതികളെപ്പോലെയാണ് ചില സിനിമകള്‍. ആ ഗണത്തില്‍ പെടുന്ന ചിത്രമാണിത്.
ആദ്യകാഴ്ചയില്‍ തോന്നുന്ന വിചാരങ്ങള്ക്ക് ചിലപ്പോള്‍ ഇനിയും മാറ്റം സംഭവിയ്ക്കാം. ഇത്തരം ഒരു പ്രമേയത്തെ സ്വീകരിച്ച്അതിനെ മികച്ച ഒരു കലാസഷ്ടിയാക്കി പ്രേക്ഷകന്‍റെ മുന്നിലെത്തിയ്ക്കാന്‍ കാണിച്ച ആത്മാര്ത്ഥമായഈ പരിശ്രമത്തിന്‍റെപിന്നില്‍ പ്രവര്ത്തിച്ചഎല്ലാവരേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.‍ പ്രത്യേകിച്ച് ഈ കാലഘട്ടത്തില്‍ സിനിമാനിര്മ്മാണം വമ്പിച്ച മുതല്‍മുടക്കുള്ളൊരു വ്യവസായമാണ്.മുതല്‍ മുടക്കുന്നവന് എപ്പോഴും ലാഭത്തിലായിരിയ്ക്കും കണ്ണ് ഇത്തരം സംരംഭങ്ങളുമായി ഒത്തുചേര്ന്ന്പ്രവര്ത്തിയ്ക്കാന്‍താല്പര്യമുള്ളനിര്‍മാതാക്കള്‍ക്ക് ലാഭത്തിനേക്കാള്‍ ഉപരി കലയോടുള്ള അവരുടെ വീക്ഷണത്തിന്‍റെ സത്യസന്ധമാായ കാഴ്ചപ്പാടായിരിയ്ക്കും എന്നു കരുതട്ടേ. ഇതുപോലുള്ളഒരുകൂട്ടംനിര്മ്മാതാക്കള്‍എഴുപതുകളിലും എണ്‍പതുകളിലും മലയാളസിനിമയുടെ സുകൃതമായിരുന്ന ഒരോര്മ്മ മനസ്സില്‍ ഇപ്പോഴും പച്ച പിടിച്ചുനില്ക്കുന്നു.
പ്രകാശനിലൂടെയും കാരിഗുരുക്കളിലൂടെയും മുരളി തന്റെ നടനവൈഭവത്തിലൂടെ പ്രേക്ഷകനെ വിസ്മയം കൊള്ളിയ്ക്കുന്നു.കെ.കെ.സി എന്ന പ്രാദേശികനേതാവിലൂടെ വി.കെ.ശ്രീരാമനും ബാബു അന്നൂരിന്റെ പൊട്ടന്‍ തെയ്യവും വെള്ളച്ചിയായും ഷഹനാസായും രംഗത്തുവരുന്ന സിന്ധുമേനോനും മികച്ച അഭിനയമുഹൂര്ത്തങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കൈതപ്രം വിശ്വനാഥന്റെ പശ്ചാത്തലസംഗീതവും കെ.ജി.ജയന്‍റെ ക്യാമറാവര്ക്കും എഡിറ്റിങ്ങുമെല്ലാം വേണ്ട വിധത്തില്‍ സമന്വയിപ്പിയ്ക്കാന്‍ പ്രിയനന്ദനു കഴിഞ്ഞിട്ടുണ്ട്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും (പ്രാകൃതമായ ആ ഒരു വികാരത്തിന് മൂല്യശോഷണം സംഭവിയ്ക്കുന്ന ഈ ഘട്ടത്തില്‍) ഉറവവറ്റാത്ത ഹൃദയങ്ങളുമായ് വാഴുന്നവരുടെ വ്യാധിയും മറ്റുള്ളവരുടെ ആധിയും മാറ്റാന്‍ മറ്റൊരു ചാവേറിന്റെ രൂപത്തില്‍ പുലി മറഞ്ഞതൊണ്ടച്ചനായി ഇനിയുമിവിടെ ദുരന്തങ്ങള്‍ ശിരസ്സില്‍ ഏറ്റുവാങ്ങാന്‍ കാരിഗുരുക്കന്മാര്‍ പുനര്ജ്ജനിച്ചുകൊണ്ടേയിരിയ്ക്കും. നമ്മളപ്പോഴും വളരെ സമര്ഥമായി പൊട്ടന്കളിച്ചുകൊണ്ടേയിരിയ്ക്കും. എന്‍.പ്രഭാകരനും എന്‍.ശശിധരനുംചേര്ന്നൊരുക്കിയ തിരക്കഥാരൂപത്തിന് ഉജ്ജ്വലമായ ഒരു സിനിമാഭാഷ്യം രചിച്ച പ്രിയനന്ദന്‍, ദൃശ്യഭാഷയുടെ ഈ പന്ഥാവിലൂടെ താങ്കളിനിയും ഉയരങ്ങളിലെത്തട്ടെ എന്നു വളരെ വിനീതമായി പ്രാര്ത്ഥിയ്ക്കുന്നു.